Monday 8 July 2013

ഗസല്‍------------------ -------

സ്നേഹത്തില്‍ നിന്നും ഉയിരെടുത്ത ആവിഷ്കാര രൂപം.

പൂവ് സൌന്ദര്യത്തെ എന്ന പോലെ ഗസല്‍ സ്നേഹത്തെ ആവിഷ്കരിക്കുന്നു. അനുരാഗം, സ്നേഹം, പ്രണയം, ഇണക്കം, പ്രിയം ,പ്രേമം, പിരിശം തുടങ്ങിയ സംജ്ഞകള്‍ സൂചിപ്പിക്കുന്ന വൈകാരിക ഭാവമാണ് ഗസലുകള്‍ വിനിമയം ചെയ്യുന്നത്.
സ്നേഹത്തില്‍ നിന്ന് പിറവി കൊള്ളുന്ന അതി മനോഹരമായ കവിതാ രൂപമാകുന്നു ഗസല്‍.
‘പ്രണയ ഭാജനത്തോടുള്ള സംസാരം’ എന്നാണു ഗസല്‍ എന്നാ വാക്കിന്റെ അര്‍ത്ഥം.എന്നാല്‍ ഗസല്‍ എന്നാ ഗാന ശില്പത്തിന് ഇപ്പോള്‍ അതി വിശാലമായ അര്‍ത്ഥ തലങ്ങള്‍ ഉണ്ട്. ഗസലുകളിലെ പ്രണയ ഭാജനം ഈശ്വരനാകാം, കമിതാക്കള്‍ ആകാം. ചിലപ്പോള്‍ കാമ്യ വസ്തുക്കള്‍ പോലുമാകാം. പ്രണയ വൈഷിഷ്ട്യത്തെ സംബന്ധിച്ച ഭാഷണമോ കാഴ്ചപ്പാടുകളോ ആയും ഗസല്‍ ഇപ്പോള്‍ ആഖ്യാനം ചെയ്യപ്പെടുന്നു. സ്നേഹത്തിന്റെ മാഹാത്മ്യവും പ്രണയാനുഭൂതിയുടെ തീവ്രതയും മാതമല്ല, പ്രണയ ഭംഗം പകരുന്ന നൈരാശ്യങ്ങള്‍, വിരഹ ശോകം കൂറില്ലായ്മയുടെയും സന്ദേഹങ്ങളുടെയും പീഡകള്‍ തുടങ്ങിയവയും ഗസലുകളുടെ നിത്യ പ്രമേയങ്ങളാണ്. ജീവിതപ്പൊരുളുകള്‍ നിറഞ്ഞ ഗസലുകള്‍ ബിംബ സമൃദ്ധങ്ങളും ഉപമകളുടെ പൂങ്കാവനങ്ങളുമായി പരിണമിക്കുന്നു. കേവല വൈയക്തികതയില്‍ നിന്ന് വിശ്വ പ്രേമത്തിന്റെ ആവിഷ്കാരമായും ഗസല്‍ വളര്‍ച്ച പ്രാപിച്ചിരിക്കുന്നു.
ഗസലിന്റെ ഇന്ത്യയിലേക്കുള്ള വരവ് പന്ത്രണ്ടാം നൂറ്റാണ്ടോടെ ആയിരുന്നു. മുഗള്‍ ചക്രവര്‍ത്തിമാര്‍ക്കൊപ്പം അവരുടെ പേര്‍ഷ്യന്‍ സംസ്കാരത്തിന്റെ ഭാഗമായി ഗസലും ഭാരതത്തില്‍ പ്രചാരം നേടി. മുഗള്‍ ചക്രവര്‍ത്തി ബാബര്‍ ഒരു ഗസല്‍ രചയിതാവ് കൂടിയായിരുന്നു.
പേര്‍ഷ്യന്‍ സൂഫികള്‍ അവരുടെ ദര്‍ശനങ്ങള്‍ ഗസല്‍ എന്നാ മാധ്യമം വഴിയാണ് ജനങ്ങളിലേക്ക് പകര്‍ന്നത്. പ്രമുഖ സൂഫി വര്യന്മാരായ ജലാലുദ്ധീന്‍ റൂമി, ഹാഫിസ് തുടങ്ങിയവരുടെ രചനകള്‍ ചിന്താ ബന്ധുരങ്ങളും ശ്രവണ സുന്ദരങ്ങളുമായി ഇന്നും മെഹ്ഫിലുകളെ ദീപ്തമാക്കുന്നു.

റൂമി പാടുന്നത് നോക്കുക:-

“നിന്റെ പ്രകാശത്തില്‍ നിന്നാണ്
ഞാന്‍ പ്രണയിക്കാന്‍ പഠിച്ചത്
നിന്റെ മനോഹാരിതയില്‍ നിന്ന്
കവിതാ രചനയും
ആരുമാരും കാണാതെ നീ
എന്റെ ഹൃദയത്തില്‍ നൃത്തമാടി
നിന്റെ നൃത്തം കാണ്‍കെ
എന്നില്‍ കല വസന്തമായ്‌ വിടര്‍ന്നു”


കത്തിയെരിഞ്ഞ്‌ കൊണ്ടാണ് വിളക്ക് പ്രകാശം പൊഴിക്കുന്നത്. പ്രണയ ജ്വാല മനസ്സില്‍ എരിയുംപോലാണ് ഗസലുകളും സംഗീതങ്ങളും കലകളും ആവിര്‍ഭവിക്കുന്നതെന്നു മനീഷികള്‍ നിരീക്ഷിക്കുന്നു.
പതിമൂന്നാം നൂറ്റാണ്ടിന്റെ അന്ത്യ പാതിയില്‍ ഖില്‍ജി കൊട്ടാര സദസ്സില്‍ രത്ന തുല്യരായി വിളങ്ങിയ അമീര്‍ ഖുസ്രുവിനെ ആധുനിക ഗസലിന്റെ പിതാവായി കണക്കാക്കാം. മത മൈത്രിക്കും മാനവ സ്നേഹത്തിനും വേണ്ടി നില കൊണ്ട ഖുസ്രു ജ്ഞാനിയും കവിയും സംഗീതകാരനുമായിരുന്നു.
അമീര്‍ ഖുസ്രു 

പാര്‍സി-ഉര്‍ദു-ഹിന്ദി എന്നിവയാണ് ഗസലിന്റെ അടിസ്ഥാന ആവിഷ്കാര ഭാഷയെങ്കിലും, ഈ കവിതാ രൂപം ഇന്ന് ദേശ-ഭാഷാ അതിര്‍ത്തികള്‍ ലംഘിച്ച് മുന്നേറുകയാണ്.മലയാളം, തെലുങ്ക് തുടങ്ങി ജര്‍മന്‍ എന്ഗ്ലീഷ് ഭാഷകളില്‍ വരെ തനിമയുള്ള ഗസല്‍ രചനകള്‍ ജന്മമെടുക്കുന്നുണ്ട്.
ഗുജറാത്തിയില്‍ ശൂന്യ വാലന്‍ പൂരി, ഖാലിദ് ജാഞ്ജവി, തെലുങ്കില്‍ ഗസല്‍ ശ്രീനിവാസ് കര്‍ണാടകയില്‍ മാര്‍ക്കണ്ഡ പുരി തുടങ്ങിയവര്‍ മൌലിക ഗസല്‍ രചയിതാക്കളായി ഖ്യാതി നേടിയിട്ടുണ്ട്.
മലയാള ചലച്ചിത്ര ശാഖയില്‍ ഗസല്‍ ച്ഛായയുള്ള നിരവധി പാട്ടുകള്‍ (താമസമെന്തേ, പ്രാന സഖീ ഞാന്‍ വെറും, ഇന്നലെ നീയൊരു സുന്ദര) രചിച്ച പി.ഭാസ്കരന്റെ സംഭാവന അനുപമമെന്നു വിശേഷിപ്പിക്കാം. ഓ.എന്‍.വി, വേണു വി.ദേശം, സച്ചിദാനന്ദന്‍, ചുള്ളിക്കാട് തുടങ്ങിയവരുടെ ഗസലുകള്‍ പ്രണയത്തിന്റെ ഉദാത്ത ഉപാസനകള്‍ തന്നെ. ഉമ്പായി, ഷഹബാസ് അമന്‍, നിസ അസീസി തുടങ്ങിയ ഗസല്‍ ഗായകരും മലയാള ഗസലിനെ ധന്യമാക്കുന്നു.

ഗസല്‍ പ്രണയത്തിന്റെ സങ്കീര്‍ത്തന ഗാനം. ഭൂമിയില്‍ സ്നേഹം നില നില്‍ക്കുന്ന കാലം വരെയും ഗസലുകള്‍ നില നില്‍ക്കും.


പ്രണയം സൂഫിയുടെ കണ്ണില്‍
-------------------------------------
സൂഫി ഗുരുവിനോട് ശിഷ്യന്‍ ചോദിച്ചു
”ഗുരോ നമ്മുടെ മാര്‍ഗത്തില്‍
പ്രണയം ആവശ്യമില്ലാത്ത ഒരവസ്ഥയിലേക്കു നമുക്ക് എത്തിച്ചേരാന്‍ സാധിക്കുമോ?”

ഗുരു മറുപടി നല്‍കി.
“അതെ, നാം പൂര്‍ണ്ണ പ്രണയത്തിലാകുമ്പോള്‍”

പ്രണയം സൂഫിയുടെ ലക്ഷ്യവും വഴിയുമാണ്‌.....










No comments:

Post a Comment